തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി. പ്രതിവര്‍ഷം സാധാരണ നിലയില്‍ നിരക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചിരിക്കുന്നത്. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചിരുന്നു. ഇത് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്കായിരിക്കും ഈടാക്കുക.
ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 240 എന്നത് 245 ആകും. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ 90 രൂപ നല്‍കിയിരുന്നത് ഇനി 95 നല്‍കേണ്ടിവരും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല.
ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ ഒന്‍പത് വരെ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചിരിക്കുകയാണ്.


