രാഷ്ട്രീയമായും വാണിജ്യപരമായും ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തുന്ന നീക്കങ്ങളാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ നട്ടെല്ലൊടിച്ചുകൊണ്ട് അമ്പതു ശതമാനം തീരുവ പ്രാബല്യത്തില്‍ വരുത്തിയതിനു തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകളും പ്രവൃത്തികളും ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണെന്നത് വ്യക്തമാണ്. ഷ്യന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ഇന്ത്യയുടെമേല്‍ അധികത്തിരുവ ഏര്‍പ്പെടുത്താനുള്ള കാരണമായി പറഞ്ഞിരുന്നതെങ്കില്‍ അതേ റഷ്യയുമായി ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും സംയുക്ത ഖനന ത്തെക്കുറിച്ച് ട്രംപ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് റഷ്യയുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ഈ കാര്യത്തിലും സംഭാഷണമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കന്‍ ബഹുരാഷ്ട്ര പ്രകൃതിവാതക കമ്പനിയായ എക്സോണ്‍മൊബില്‍ റഷ്യയുടെ സഖാലിന് – 1 എണ്ണവാതക പദ്ധതിയില്‍ പങ്കാളിയാവാനുള്ള സാധ്യതകളെ കുറിച്ചാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്ച്ചയുണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ അവരെ ഇന്ത്യ യുദ്ധത്തില്‍ സഹായിക്കുകയാണെന്ന കടുത്ത ആരോപണം ഉന്നയിച്ച അതേ അമേരിക്കയുടെ ഭാഗത്തുനിന്നു തന്നെയാണ് സുപ്രധാനമായ ഈ ചര്ച്ചകളുണ്ടായിരിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. റഷ്യയില്‍നിന്ന് ആണ വോര്ജത്തില് പ്രവര്‍ത്തിക്കുന്ന ഐസ് ബ്രേക്കര്‍ കപ്പലുകള്‍ വാങ്ങാനുള്ള ശ്രമവും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു.
രാജ്യത്തെ രാഷ്ട്രീയമായി നാണംകെടുത്തുന്ന മറ്റൊരു പ്രസ്താവനയും ഇതേ സാഹചര്യത്തില്‍ തന്നെ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുകയാണ്. തലകറങ്ങുന്നത് താരിഫുകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടാകുമായിരുന്ന ആണവ ഏറ്റുമുട്ടല്‍ താന്‍ നേരിട്ട് ഇടപെട്ട് തടഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തന്റെ പ്രസ്താവനയിലൂടെ ഏകദേശം അഞ്ചുമണിക്കൂറിനുള്ളില്‍ അക്കാര്യത്തില്‍ തീരുമാനമായെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഓപറേഷന് സിന്ദുറുമായി ബന്ധപ്പെട്ട് ട്രംപ് നേരത്തെ നടത്തിയ പ്രസ്താവന മോദി സര്‍ക്കാറിന് കനത്ത തലവേദന സൃഷ്ടിച്ചിരുന്നു. താന്‍ ഇടപെട്ട തുകൊണ്ടാണ് ഓപറേഷന് സിന്ദൂര്‍ ഇന്ത്യ നിര്‍ത്തിവെച്ചത് എന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞത്. പാകിസ്താനെതിരായ ഇത്രയും സുപ്രധാനമായ സൈനിക നീക്കത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൃത്യ മായ ഒരു മറുപടി പറയാന്‍പോലും കഴിയാതെ ത്രിശങ്കുവിലായിപ്പോയ സര്‍ക്കാറും പ്രധാനമന്ത്രിയും ഒടുവില്‍ പ്രതിപക്ഷ നേതാവിന്റെ സമ്മര്‍ദ്ദത്തിനു മുന്നിലാണ് വാ തുറന്നതും ട്രംപിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞതും.
ഇന്ത്യയുടെ മഹത്തായ വിദേശ നയങ്ങളില്‍ മോദിസര്‍ക്കാര്‍ വെള്ളം ചേര്‍ത്തതിനുള്ള തിക്താനുഭവങ്ങളാണ് രാജ്യം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രാന്തരീയ വിഷയങ്ങളില്‍ ലോകം ഇന്ത്യയുടെ ശബ്ദത്തിന് കാതോര്‍ത്തിരുന്ന കാലത്തില്‍ നിന്ന് വിഭിന്നമായി ഇന്ന് നയതന്ത്ര മേഖലകളില്‍ വലിപ്പച്ചെറുപ്പമില്ലാതെ വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചടിയേറ്റുകൊണ്ടിരിക്കുന്ന കാഴ്ച്ചകള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഈ യാഥാര്‍ത്ഥ്യം നമുക്ക് കൃത്യമായി ബോധ്യപ്പെട്ടതാണ്. ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിശദീകരിക്കാനായി ഇന്ത്യ പറഞ്ഞയച്ച ഔദ്യോഗിക സംഘം ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്ററിന്റെ വസതിയില്‍ പാകിസ്താന് സൈനിക മേധാവി അത്താഴമുണ്ണുകയായിരുന്നു. പഹല്‍ഗാം ഭി കരാക്രമണത്തിന് പാകിസ്താന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തുവെന്ന് ഇന്ത്യ ആരോപണമുന്നയിക്കുമ്പോഴാണ് അതേ പാകിസ്താനെ ഇന്ത്യക്കൊപ്പമെന്നല്ല, ഒരുപടി മുകളില്‍ തന്നെ അമേരിക്ക കയറ്റിവെച്ചിരിക്കുന്നത്. ഫലസ്തീന് വിഷയത്തിലുള്‍പ്പെടെ അമേരിക്കയുടെ ഒറ്റച്ചങ്ങാതിയായി ഇന്ത്യ തുടരുന്നത് തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ മോദിസര്‍ക്കാര്‍ തയാറല്ലെന്നതിന്റെ തെളിവാണ്. അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യവുമായി തങ്ങളുടെ താല്പര്യ സംരക്ഷണം മാത്രം ലക്ഷ്യംവെച്ചുള്ള നയങ്ങളും നിലപാടുകളുമായി ട്രംപ് മുന്നോട്ടു നീങ്ങുമ്പോള്‍ അന്തമായ വിധേയത്വത്തിലൂടെ രാജ്യത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുകയും വ്യവസായ വാണിജ്യ രംഗങ്ങളില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങുകയും ചെയ്യുന്ന തലതരിഞ്ഞ സമീപനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും പിന്തിരിഞ്ഞേ മതിയാകൂ.


