ലഗേജുകള്‍ക്ക് നിയന്ത്രണം വരുത്തുവാനൊരുങ്ങി റെയില്‍വേ. ആദ്യഘട്ടത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
ബുദ്ധിമുട്ടുകൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നാണ് റെയില്‍വേയുടെ ലക്ഷ്യം. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രയാഗ് രാജ് ജംക്ഷന്, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന് എന്നിവയുള്‍പ്പെടെ എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനം തുടങ്ങുന്നത്.
നിലവില്‍ ലഗേജിന് നിയന്ത്രണമുണ്ടെങ്കിലും ഇനിമുതല്‍ കര്‍ശനമാക്കാനാണ് റെയില്‍വേയുടെ തീരുമാനം. എയര്‍പോര്‍ട്ടിന് സമാനമായി റെയില്‍വേ സ്റ്റേഷനുകളില്‍ യാത്ര ചെയ്യുമ്പോള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ലഗേജ് കൊണ്ടുപോകാന്‍ കഴിയുകയുള്ളു. ലഗേജുമായി പോകുന്ന യാത്രക്കാര്‍ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിറ്റിംങ് മെഷിനുകളില്‍ ലഗേജ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക ചാര്‍ജോ പിഴയോ ഈടാക്കുന്നതാണ്. ഇത് ഒരോ ക്ലാസുകളിലും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോഗ്രാം, എസി ടു ടയറിന് 50 കിലോഗ്രാം, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോഗ്രാം, ജനറല്‍ ക്ലാസിന് 35 കിലോഗ്രാം വീതവുമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കുന്നത്. ഭാര പരിധിക്കുള്ളില്‍ വന്നാലും സ്ഥലം തടസ്സപ്പെടുത്തുന്ന രീതിയില്‍ ലഗേജ് വച്ചാല്‍ പിഴ ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.


