കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം കോഴ്സിന്റെ ഭാഗമായ ഡിഗ്രി മള്‍ട്ടി ഡിസിപ്ലിനറി കോഴ്സില്‍ പഠിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളാണെന്ന് പരാതി. പുതിയ സിലബസില്‍ ഭാഷാ സാഹിത്യത്തിന് പ്രാധാന്യമില്ലെന്നാണ് പരാതി. സിലബസ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സിന്‍ഡിക്കറ്റ് അംഗം റഷീദ് അഹമ്മദാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്കി.
ഭൂപരിഷ്കരണം, ജന്മിത്വം, കര്‍ഷക സമരങ്ങള്‍ തുടങ്ങിയ അധ്യായങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. ഇതെല്ലാം ഇടതു സര്‍ക്കാരിന്റെ മേന്മകളായി പ്രചരിപ്പിക്കുന്നവയാണെന്ന് പരാതിയില്‍ പറയുന്നു. ‘ബി എ മലയാളം ഡിഗ്രി സിലബസ്സില്‍ മാര്‍ക്സിസ്റ്റ്/ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബോധപൂര്‍വം ഉള്‍പ്പെടുത്താനുള്ള ശ്രമം പ്രകടമാണ്. കേരളത്തിന്റെ വികസനത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ നയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും മറ്റു സര്‍ക്കാരുകളുടെ സംഭാവനകളെ പൂര്‍ണമായും മറച്ചു വെക്കുകയാണ് ചെയ്യുന്നത് എന്ന് പരാതിയില്‍ പറയുന്നു.
ജന്മിത്തം, കര്‍ഷക സമരങ്ങള്‍, ഭൂപരിഷ്കരണം തുടങ്ങിയ അധ്യായങ്ങള്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളെയും ഭൂപരിഷ്കരണ നിയമത്തെയും മാത്രം കേന്ദ്രീകരിക്കുന്നത് കേരളത്തിന്റെ സാമൂഹിക വളര്‍ച്ച ഇടതുപക്ഷ ആശയങ്ങളിലൂടെ മാത്രമാണ് സാധ്യമായത് എന്ന് സ്ഥാപിക്കാനാണ്. ഇടത് സര്‍വീസ് സംഘടനാ നേതാക്കളായ ഇ എം രാധ, കാവുമ്പായി ബാലകൃഷ്ണന്, എന്നിവരുടെ ലേഖനങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയത് നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.


