മധ്യപ്രദേശിലെ ഭോപാലില്‍ അധ്യാപികയെ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്. നര്സിംഗ്പൂര് ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന എക്സലന്‍സ് സ്കൂളിലാണ് സംഭവം നടന്നത്. പ്രതി സൂര്യാന്‍ഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയും പ്രതിയും തമ്മില്‍ രണ്ട് വര്‍ഷത്തിലേറെ പരിചയമുണ്ട്.
പ്രതി അധ്യാപകയുമായി ഏകപക്ഷീയമായ പ്രണയത്തിലായിരുന്നു. അധ്യാപിക ഇപ്പോള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ നിന്നും പ്രതിയെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു.
ഓഗസ്റ്റ് 15ന് സ്കൂളില്‍ നടന്ന പൊതു പരിപാടിയില്‍ സാരി ധരിച്ചെത്തിയ അധ്യാപികയെ പ്രതി വിലക്കുകയും ശാഖരിക്കുകയും ചെയ്തു. അധ്യാപിക നല്കിയ പരാതിയെത്തുടര്‍ന്ന് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്.ഡി.ഒ.പി) മനോജ് ഗുപ്ത പറഞ്ഞു.
വൈകുന്നേരം 3:30 ഓടെയാണ് സംഭവം. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്രോള്‍ അവരുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയും തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അധ്യാപികക്ക് പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റത് ഗുരുതരമാണെങ്കിലും ജീവന് ഭീഷണയല്ലെന്ന് ഡോക്ടര്‍മാര്‍ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 124 , മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപികയുടെ പൂര്‍ണ്ണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് ഗുപ്ത പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോണ്‍ഗര്‍ഗാവ് പൊലീസ് സ്റ്റേഷന് പരിധിയിലെ കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


