ബീഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വോട്ട് മോഷണ’ത്തിന് എതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാര്‍ യാത്ര’ നാളെ ബിഹാറിലെ സസാരത്ത് നിന്ന് ആരംഭിക്കും. 16 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ബിഹാറിലെ 20ല്‍ കൂടുതല്‍ ജില്ലകളിലൂടെ കടന്നുപോകും.
‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന അടിസ്ഥാനപരമായ ജനാധിപത്യ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാന്‍ ബിഹാറിന്റെ ഒപ്പം ചേരുമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ മഹാറാലിയോടെ യാത്ര സമാപിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, ഇടത് പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.
ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം വലിയ വിവാദമായിരുന്നു. 65 ലക്ഷം ആളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഇവരുടെ പേരുകളും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണവും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.


