ബംഗളൂരുവിലെ കെആര്‍ മാര്‍ക്കറ്റിന് സമീപം നാഗര്‍ത്ത്പേട്ടില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാന് സ്വദേശി മദന്‍ സിങ് (38), ഭാര്യ സംഗീത(33), മക്കളായ മിതേഷ്(എട്ട് ), വിഹാന്(അഞ്ച്), സുരേഷ് കുമാര്‍(26) എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ താഴത്തേയും ഒന്നാമത്തേയും നിലകളിലെ പ്ലാസ്റ്റിക് ചവിട്ടി നിര്‍മാണ ശാലയുടെ ഗോഡൗണില്‍ നിന്ന് പുലര്‍ച്ചെ മൂന്നരയോടെ തീ പടരുകയായിരുന്നു. കെട്ടിടത്തിന്റെ നാലാംനിലയിലെ മുറിയിലാണ് മരിച്ച മദന്‍ സിങ്ങും കുടുംബവും താമസിച്ചിരുന്നത്. തീപിടിത്തമുണ്ടായ ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ച മദന്‍ സിങ്ങും സുരേഷും.
താഴത്തെ നിലയിലെ ഗോഡൗണില്‍ നിന്ന് തീ പടര്‍ന്ന് പിന്നീട് അത് മുഴുവന്‍ കെട്ടിടത്തിലേക്കും പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും മുകളിലത്തെ നിലയില്‍ കനത്ത പുക നിറയുകയായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.


