ഹിസ്ബുല്ല നിരായുധീകരണത്തിന് തയ്യാറാവണമെന്ന അമേരിക്കന്‍ – ഇസ്രാഈല്‍ സമ്മര്‍ദത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയീം കാസിം. ഹിസ്ബുല്ലയുടെ പക്കലുള്ള ആയുധങ്ങള്‍ ലബനാന്റെ ഭരണഘടനയില്‍ അംഗീകരിക്കപ്പെട്ടതാണെന്നും അത് കൈവെടിയാന്‍ പറയുന്നത് ഭരഘടനാവിരുദ്ധമാണെന്നും ഹിസ്ബുല്ല നേതാവ് പ്രതികരിച്ചു. അമേരിക്കന്‍ പിന്തുണയില്‍ ലെബനീസ് പ്രസിഡന്റ് ആയ ജോസഫ് ഔന് ഹിസ്ബുല്ല ഇസ്രാഈലിനോടുള്ള സായുധ പ്രതിരോധം കൈവെടിയണമെന്ന ആവശ്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സന്ദര്‍ഭത്തിലാണ് ഹിസ്ബുല്ലയുടെ പ്രതികരണം.
ഹിസ്ബുല്ല ഇസ്രാഈല്‍ സംഘര്‍ഷം അവസാനിച്ച ഇസ്രാഈല്‍ ലബനാന് ഉടമ്പടി പ്രകാരം ഇസ്രാഈല്‍ സേന ലെബനാനില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുകയും ഹിസ്ബുല്ല കിഴക്കന്‍ ലബനാനിലെ ലിതാനി നദിയുടെ മറുകരയിലേക്ക് പിന്‍വാങ്ങും എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വെടി നിര്‍ത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇസ്രാഈല്‍ സേന പിന്മാറിയില്ലെന്നു മാത്രമല്ല വെടിനിര്‍ത്തലിനിടയിലും ഇസ്രാഈല്‍ ആക്രമണങ്ങളില്‍ നൂറോളം ലബനീസ് പൗരന്മാര് കൊല്ലപ്പെടുകയും ചെയ്തു.
ഇതിനകം ആയിരത്തിലധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രാഈല്‍ സേനയോട് ലബനാന്റെ മണ്ണില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെടുന്നതിന് പകരം അമേരിക്കന്‍ സമ്മര്‍ദം ഉപയോഗിച്ച് ഹിസ്ബുല്ലയെ നിരായുധീകരിക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നതെന്ന് ഹിസ്ബുള്ള ആരോപിച്ചു. ലബനാനിലെ പ്രബല ന്യൂനപക്ഷമായ ശിയാ മുസ്ലിങ്ങളുടെ പ്രധാന രാഷ്ട്രീയ ശക്തിയാണ് ഹിസ്ബുല്ല. ഹിസ്ബുല്ല ആയുധം കൈവെടിഞ്ഞാല്‍ ഇസ്രാഈല്‍ സമാധാന പൂര്‍വം പിന്‍വാങ്ങുമെന്നത് മിഥ്യാധാരണയാണെന്ന് ഹിസ്ബുല്ല നേതാവ് കൂട്ടിച്ചേര്‍ത്തു.


