നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) വീട്ടുവളപ്പില്‍നിന്ന് 20ഓളം അസ്ഥികള്‍ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥികളുള്ളത്.
ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്, വാരനാട് വെളിയില്‍ ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടില്‍ തിങ്കളാഴ്ച നടന്ന തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.
സെബാസ്റ്റ്യന്റെ മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കര്‍ പുരയിടത്തിലെ വീടിന്റെ പിന്‍വശത്ത് കുഴിയെടുത്തപ്പോഴാണ് കഴിഞ്ഞ ദിവസം ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതിനു സമീപത്തുനിന്നാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്.
2024 ഡിസംബറില്‍ കാണാതായ ജെയ്നമ്മയെക്കുറിച്ച അന്വേഷണമാണ് സെബാസ്റ്റ്യനിലെത്തിച്ചത്. തുടര്‍ന്ന് കോട്ടയം ക്രൈംബ്രാഞ്ച് യൂനിറ്റ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചേര്‍ത്തല ഭാഗത്തുനിന്ന് 2006നുശേഷം കാണാതായ മറ്റ് ചില സ്ത്രീകളുടെ തിരോധാനത്തിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ഭാര്യയുമായി ഏറ്റുമാനൂരില്‍ താമസിക്കുന്നതിനിടെയാണ് ജെയ്നമ്മയുമായി സെബാസ്റ്റ്യന്‍ ബന്ധം സഥാപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പൊലീസ് സന്നാഹത്തോടെ പ്രതിയെ പള്ളിപ്പുറത്തെ വീട്ടിലെത്തിക്കുകയായിരുന്നു. കുളത്തിന്റെ സമീപപ്രദേശങ്ങളില്‍ കാട് വെട്ടിതെളിച്ചതിനുശേഷം സെബാസ്റ്റ്യന്‍ പറഞ്ഞ ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഇത് പരിശോധനക്കായി ശേഖരിച്ചു. വീടിന്റെ ചില ഭാഗങ്ങളിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരച്ചില്‍ നടത്തി.
പൊലീസിന്റെ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വീടിന്റെ പരിസരത്ത് നായ മണംപിടിച്ചു നിന്നതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ വാഹനം ഉപയോഗിച്ച് കുളം വറ്റിച്ചു. കുളത്തില്‍നിന്ന് സംശയാസ്പദമായി ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം പരിശോധനക്കായി കസ്റ്റഡിയില്‍ ഏറ്റെടുത്തു. വീടിനകത്ത് പുതുതായി സ്ഥാപിച്ച ഗ്രാനേറ്റ് പാകിയ തറയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാത്രിയിലും പരിശോധന തുടര്‍ന്നു.


