അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി പൊലീസ്. നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
എസ്സി/എസ്ടി കമ്മീഷന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സാമൂഹ്യപ്രവര്‍ത്തകനായ ദിനു വെയില് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസിലും ദിനു വെയില് പരാതി നല്‍കിയിരുന്നു.
അടൂരിന്റെ പ്രസ്താവന എസ്സി എസ്ടി ആക്ടിന്റെ സെക്ഷന്‍ 3(1)ന്റെ പരിധിയില്‍ പെടുന്നതാണെന്നും എസ്സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണെന്നും പരാതിയിലുണ്ട്.
സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.


