ആലപ്പുഴയിലെ ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചേര്‍ത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയില്‍ കുളത്തില്‍നിന്ന് വസ്ത്രഭാഗങ്ങളും ബാഗും കിട്ടി. നേരത്തെ നടത്തിയ പരിശോധനയില്‍ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വീടിന്റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന.
ആദ്യഘട്ട പരിശോധനയില്‍ വീടിന്റെ പിറകു വശത്തുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവര്‍ നായ ഓടിക്കയറിയത്. ശേഷം പറമ്പിലുള്ള കുളത്തിനരികിലേക്കും നായ എത്തി. ഇതോടെ കുളത്തില്‍ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂര്‍ണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീകള്‍ ഉപയോഗിക്കുന്ന ബാഗും കൊന്ത പോലെയുള്ള വസ്തുവും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്.
അതേസമയം മണ്ണില്‍ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവര്‍ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.
സെബാസ്റ്റ്യന്റെ വീടിന്റെ തറയിളക്കിയും പരിശോധന നടത്തുമെന്നാണ് സൂചന. കെഡാവര്‍ നായ പോകുന്ന സ്ഥലങ്ങളില്‍ ജെസിബി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം.
രാവിലെ പറമ്പില്‍ നടത്തിയ പരിശോധനയില്‍ ആറ് കഷണം അസ്ഥികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അസ്തിഭാഗങ്ങള് കിട്ടയ സ്ഥലത്തുനിന്ന് അമ്പതോളം മീറ്റര്‍ മാറിയാണ് ഇന്ന് അസ്തികള്‍ ലഭിച്ചത്.


