ഛത്തീസ്ഗഢിലും ആസാമിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. നാളെ (ആഗസ്ത് 2, ശനിയാഴ്ച്ച) രാവിലെ 10.30 തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന പ്രതിഷേധ സദസ്സ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാന്‍സിനിനെയും മനുഷ്യക്കടത്ത്, നിര്‍ബന്ധ മതപരിവര്‍ത്തനം തുടങ്ങിയ കള്ളക്കേസ് ചേര്‍ത്ത് ബി.ജെ.പിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ ബി.ജെ.പി സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ചത്തീസ്ഗഢിലെ ദുര്‍ഗില്‍ ആശുപത്രി, ഓഫീസ് ജോലികള്‍ക്കായി രണ്ട് പെണ്‍കുട്ടികളെ ഒപ്പം കൂടിയതിനെയാണ് പൊലീസും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ചോദ്യം ചെയ്തത്. കുടുംബത്തിന്റെ സമ്മതപ്രകാരമാണ് കന്യാസ്ത്രീകളോടൊപ്പം ജോലിക്ക് പോയതെന്ന പെണ്‍കുട്ടികളുടെ മൊഴി ഉണ്ടെകിലും സര്‍ക്കാറിന്റെ സമ്മര്‍ദ്ധം കാരണം ഇവരുടെ ജാമ്യാപേക്ഷകള്‍ തള്ളുകയാണുണ്ടായത്. കേരളത്തില്‍ ക്രൈസ്തവ സഭകളുമായി ചങ്ങാത്തം കൂടുകയും ചത്തീസ്ഗഢില്‍ അകാരണമായി കന്യാസ്ത്രീകളെ ജയിലിലടക്കാന്‍ അവസരമൊരുക്കുകയും ചെയ്തതോടെ ബി.ജെ.പിയുടെ ഇരട്ടമുഖമാണ് പുറത്ത് വന്നതെന്ന് നേതാക്കള്‍ പറഞ്ഞു. അസാമിലും കടുത്ത ന്യൂനപക്ഷ വേട്ടക്കാണ് ബി.ജെ.പി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. സംരക്ഷിത വനഭൂമിയാണെന്ന സാങ്കേതികത്വം പറഞ്ഞ് അനേകം കുടുംബങ്ങളെ ബുള്‍ഡോസര്‍ രാജിലൂടെ കുടിയിറക്കുകയാണ്. പുനരധിവസിപ്പിക്കാനുള്ള നടപടികളില്ലാതെ നോട്ടീസ് നല്കി രണ്ട് ദിവസത്തിനകം പാവങ്ങളുടെ വീട് തകര്‍ക്കുകയും കുടിയിറക്കുകയുമാണ് ചെയ്യുന്നത്. അവസാനമായി ഗോള്‍പാര ജില്ലയില്‍ 1080 വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ബംഗാളി വംശജരായ മുസ്ലിംകളാണ് താമസക്കാരിലധികവും. അസാമില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മുവ്വായിരത്തിലധികം കുടുംബങ്ങളാണ് ഭവനരഹിതരായത്. ഈ ഭരണകൂട ഭീകരതക്കെതിരെ ജനമനസ്സ് ഉണര്‍ത്താനാണ് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സദസ്സില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പങ്കെടുക്കും.


