ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. കേസില്‍ ശനിയാഴ്ച ബിലാസ്പൂരിലെ എന്‍.ഐ.എ കോടതിയാണ് വിധി പറയുക. ഇതോടെ കന്യാസ്ത്രീകള്‍ ഇന്നും ജയിലില്‍ തുടരേണ്ടി വരും.
ഹരജിയില്‍ ഇന്നു വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നെങ്കിലും വിപരീതമായാണ് പ്രോസിക്യൂഷന് കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കന്യാസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്ന് ബി.ജെ.പി നേതാക്കള്‍ വാദിച്ചിരുന്നു.
വിശദമായ വാദമാണ് ഇന്നു കോടതിയില്‍ നടന്നത്. മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ഇരുവരും ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണുള്ളത്. അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉയരുന്നത്.
എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിച്ചത്.


