ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട നടപടിയും അവരുടെ മോചനം വൈകിപ്പോകുന്നതും ഇന്ത്യയുടെ ജനാധിപത്യ മതേതര സംവിധാനത്തിനേറ്റ ആഘാതമാണെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. ഒരു കുറ്റവും ചെയ്യാത്ത ബഹുമാന്യരായ കന്യാസ്ത്രീകളായ സഹോദരിമാർ തടവറയിൽ കഴിയേണ്ടി വന്നത് ജനാധിപത്യ മതേതര സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ല. എല്ലാവരെയും ഉത്കണ്ഠപ്പെടുത്തുന്നതാണ് ഈ പ്രവണത.
ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻ്റിനകത്തും പുറത്തും ശക്തമായ ഇടപെടലുകൾ നടത്തുകയുണ്ടായി. രാഷ്ട്രീയകേരളവും മാധ്യമങ്ങളും പൊതുസമൂഹവും ഈ അനീതിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാനത്തെ എംപിമാർ ആഭ്യന്തരമന്ത്രിയെ കണ്ട ശേഷമുള്ള പ്രത്യാശ സാക്ഷാത്കരിക്കപ്പെടാനാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ അന്യായ നടപടി. വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വവും സൗഹൃദവും തകർക്കാൻ ഉന്നംവെച്ച് നടക്കുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെയുള്ള ജാഗ്രതയാണ് ഈ സംഭവവും ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ അടിസ്ഥാനമായ മതേതരത്വം തകർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.


