കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.
നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അഡ്വ രാജ്കുമാര് തിവാരി പറഞ്ഞു.
സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.


