ഛത്തീസഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്കിയാല് മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്രംഗ് ദള്‍ വാദം പ്രോസിക്യൂഷന് അനുകൂലിച്ചു. അതേസമയം, കേരളത്തിലെ വിവിധയിടങ്ങളില്‍ ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധ റാലി നടന്നു. വിവിധ സഭകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജ്ഭവനില്‍ പ്രതിഷേധ റാലി നടന്നു.
അതേസമയം, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം ബജ് റംഗദള് പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.


