ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങള്‍ തകര്‍ത്തുകൊണ്ടും ആസാമില്‍ നടന്ന സംഭവവികാസങ്ങള്‍ അധികൃതര്‍ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്സഭയില്‍ പറഞ്ഞു. അവിടെ പാര്‍ക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാന്‍ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ അധിക്ഷേപാര്‍ഹമാണ്. അവര്‍ക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ അവരുടെ പ്രയാസങ്ങളില്‍ ആശ്വാസം നല്‍കാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഒറ്റയടിക്ക് തകര്‍ത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങള്‍ക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം തകര്‍ത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടര്‍ന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങള്‍ പിഴുതെറിയപ്പെടുകയും അഭിമാനം തകര്‍ക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതല്‍ ആശങ്കാജനകമാണ്. വര്‍ഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാര്‍ത്തുവരുന്നവരാണവര്‍.
സുപ്രീംകോടതി നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകര്‍ക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുന്‍കൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നല്കി ബന്ധപ്പെട്ടവരുടെ പരാതി കേള്‍ക്കാനോ മറ്റു നടപടികള്‍ക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


