കോഴിക്കോട്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിനെ തുടർന്നുള്ള മുസ്ലിം യൂത്ത് ലീഗ് സമ്മേളനങ്ങൾ തുടരുന്നു. ശാഖ കമ്മിറ്റി രൂപീകരണത്തിനെ തുടർന്ന് ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചായത്ത്/മുനിസിപ്പൽ/മേഖല തല സമ്മേളനങ്ങൾക്ക് തുടക്കമാവും. സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 29ന് വ്യാഴാഴ്ച തലശ്ശേരിയിൽ നടക്കും. തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് സജ്ജമാക്കുന്ന മജീദ് റഹ്മാൻ കുഞ്ഞിപ്പ നഗറിൽ നടക്കുന്ന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, സെക്രട്ടറി സി.കെ മുഹമ്മദലി ജില്ല പ്രസിഡന്റ് നസീർ നല്ലൂർ, ജനറൽ സെക്രട്ടറി പി. സി നസീർ പ്രസംഗിക്കും.
ആഗസ്ത് 1 മുതൽ 31 വരെ പഞ്ചായത്ത്/മുനിസിപ്പൽ/മേഖല സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബർ 1 മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.


