ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവര്‍ത്തന കുറ്റവും എഫ്ഐആറില്‍ പറയുന്നു. മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കില്ല. വിശദമായ വിവരശേഖരണം നടത്തിയ ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കും.
വ്യാജ തെളിവുകള്‍ ഉണ്ടാക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ കുടുംബം ആരോപിച്ചു. ഒരു തെറ്റും ചെയ്യാത്തവരെയാണ് ഛത്തീസ്ഗഡ് പൊലീസ് പീഡനത്തിനിരയാക്കുന്നതെന്ന് സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സിസ്റ്റര്‍ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ പിന്തുണ അറിയിച്ചു.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ഇവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജ്റങ്ദള്‍ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവര്‍ത്തകര്‍ പരിശോധിച്ചു.


