ഗസ്സയില്‍ ദിവസേന 10 മണിക്കൂര്‍ വീതം ആക്രമണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ഇസ്രാഈല്‍. ഗസ്സയിലെ മൂന്ന് കേന്ദ്രങ്ങളായ അല്‍ മവാസി, ദൈറുല്‍ ബലാഹ്, ഗസ്സ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിര്‍ത്തുക. രാവിലെ 10 മുതല്‍ രാത്രി 8 വരെ ഈ പ്രദേശങ്ങളില്‍ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗസ്സയില്‍ തുടരുന്ന പട്ടിണി മരണത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിച്ചതിന് പിന്നാലെയാണ് ഇസ്രാഈല്‍ നടപടി.
ഗസ്സയില്‍ പട്ടിണി മരണം വര്‍ധിച്ചതോടെ, ആഗോള സമ്മര്‍ദത്തിന് വഴങ്ങി ആകാശമാര്‍ഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ ഇസ്രാഈല്‍ തയ്യാറായിരുന്നു. അതിനിടെ, ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 15 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. ഇന്നും അഞ്ച് പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്തു. സഹായകേന്ദ്രത്തില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 42 പേരാണ് കൊല്ലപ്പെട്ടത്.


