ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്സല് കാദറിനെ തിരഞ്ഞെടുത്തു. ഐഒസി നാഷണല്‍ പ്രസിഡന്റ് മനോജ് ഷിയോറന് ആണ് ഇക്കാര്യം അറിയിച്ചു. ഗ്ലോബല്‍ ചെയര്മാന് സാം പിത്രോഡയുടെയും ഐഒസി ഇന്‍ചാര്‍ജ് ഡോ. ആരതി കൃഷ്ണയുടെയും നേതൃത്വത്തിലുള്ള ഓസ്ട്രേലിയയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായുള്ള ടീമില്‍ അഫ്സല് കാദര്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കും.
2019ല്‍ ഐഒസി വൈസ് പ്രസിഡന്റായും 2022ല്‍ ഐഒസി ഓസ്ട്രേലിയയുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള അഫ്സല് കാദര്‍, 2018 മുതല്‍ മെല്‍ബണിലെ ഏറ്റവും വലിയ മസ്ജിദായ മെല്‍ബണ്‍ ഗ്രാന്‍ഡ് മോസ്കിന്റെ ഡയറക്ടറും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചുവരുന്നു.
ഓസ്ട്രേലിയയിലെ ഇശല്‍ നിലാവ് 2025ന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ കൂടിയാണ് അഫ്സല് കാദര്‍. ഓസ്ട്രേലിയയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന, കേരള മാപ്പിള കലയുടെ മഹോത്സവമായിരുന്നു ഇശല്‍ നിലാവ്. 2014 മുതല്‍ ഓസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി (വെരിബീ ബ്രാഞ്ച്) അംഗമായ അദ്ദേഹം, മുന്‍പ് ഓസ്ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായും അഡിലെയ്ഡ് മെട്രോപൊളിറ്റന്‍ മലയാളി അസോസിയേഷന്റെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ മലയാളി അസോസിയേഷന് ഓഫ് വിക്ടോറിയ എക്സിക്യൂട്ടീവ് മെമ്പറായും പ്രവര്‍ത്തിച്ച അഫ്സല് കാദര്‍, കേരള സ്റ്റുഡന്റ്സ് യൂണിയന് വഴിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പൊന്നാനി എം.ഇ.എസ്. കോളേജിലെ കോളേജ് യൂണിയന് സെക്രട്ടറി (ഫൈന്‍ ആര്‍ട്സ്) ആയിട്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വ്യത്യസ്ത സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവസമ്പത്തുള്ള അഫ്സല് കാദറിന്റെ സേവനം മെല്‍ബണിലെ എല്ലാ ഇന്ത്യന്‍ വംശജര്‍ക്കും പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


