ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മന്‍സ ദേവി ക്ഷേത്ര റോഡിലെ പടിക്കെട്ടുകളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര് മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ‘ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തിക്കിലും തിരക്കിലും പെട്ടെന്നുണ്ടായ വാര്‍ത്ത വളരെ ദുഃഖകരമാണ്. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നടക്കുകയാണ്. വിഷയത്തില്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും’ മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
ശിവഭക്തരായ കന്‍വാരിയകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹരിദ്വാര്‍. ശ്രാവണ മാസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.


