സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോളാണ് വിവരം അറിയുന്നത്. പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല.
ജയില്‍ അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയിലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം.
തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്.
സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സി 46 എന്ന ജയില്‍ വേഷത്തില്‍ തന്നെയാണ് രക്ഷപ്പെട്ടത്. ഗോവിന്ദചാമിയെ തിരിച്ചറിയാന്‍ കഴിയുന്ന പുതിയ ഫോട്ടോ ജയില്‍ അധികൃതകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു കൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ ജയില്‍ സുപ്രണ്ടിന്റെ 9446899506 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.
തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.


