കുട്ടനാട്ടിലെ കൈനകരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വെള്ളപ്പൊക്കം കാരണം സ്കൂള്‍ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 20 ക്ലാസ് റൂമുകളില്‍ വെള്ളം കയറിയെന്നും കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ദൈനംദിന ക്ലാസും പ്രവര്‍ത്തിക്കുന്നത് ശേഷിക്കുന്ന നാല് റൂമുകളിലെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ പറയുന്നു.
വിഷയം ഗൗരവമായി കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്കി. വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഉള്‍പ്പെടെയുള്ളവരുമായി ജില്ലാ കലക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കണം. വസ്തുതാന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ അമികസ് കൂറിയെ നിയോഗിക്കാനും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന് ബെഞ്ച് തീരുമാനിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ കക്ഷിചേര്‍ത്ത കോടതി, വസ്തുതാന്വേഷണം നടത്തി വിവരങ്ങള്‍ കൈമാറാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. മേഖലയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ജില്ലാകലക്ടര്‍ പരിശോധന നടത്തണം. ഒപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കോടതി നിര്‍ദേശം നല്കി.


