ബെംഗളൂരുവിലെ ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. 2018ല്‍ വാഹനം ഇടിച്ചു മരിച്ച ഇടുക്കി സ്വദേശി കെ.ജെ.ജോയിയുടേത് കൊലപാതകമെന്ന് ആരോപിച്ച് മകന് തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.
അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയിരുന്നു. ഇതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.
അതേസമയം, ധര്‍മസ്ഥലയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്തെന്ന കേസിലെ എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്തെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന് ആവശ്യപ്പെട്ടു.


