സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കാരം സ്കൂള്‍ അധികൃതര്‍ നേരിടുന്നത് പ്രായോഗികവും സാമ്പത്തികവുമായി പ്രതിസന്ധികള്‍. മതിയായ തുക അനുവദിക്കുന്നില്ലെന്നതിന് പുറമെ ഭക്ഷണം പാകം ചെയ്യാന്‍ നിലവിലുള്ള പാചകത്തൊഴിലാളി തസ്തികകള്‍ കൊണ്ട് മാത്രം സാധിക്കില്ല. ഇപ്പോള്‍ അഞ്ഞൂറ് വിദ്യാര്‍ഥികളില്‍ കുറവുള്ള വിദ്യാലയങ്ങളില്‍ ഒരു പാചക തൊഴിലാളി മാത്രമാണുള്ളത്.
പുതുക്കിയ മെനു പ്രകാരമുള്ള ഭക്ഷണം മുഴുവന്‍ പാകം ചെയ്യാന്‍ ഇവരെകൊണ്ട് മാത്രം സാധിക്കില്ല. ആയതിനാല്‍ വിദ്യാര്‍ഥികളുടെയും പാചകത്തൊഴിലാളികളുടെ യും എണ്ണം സംബന്ധിച്ച അനുപാതം പ്രായോഗികമായി പരിഷ്കരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കൂടാതെ പച്ചക്കറികളും മറ്റു വസ്തുക്കളും വാങ്ങുന്നതിന് ഭീമമായ തുക ആവശ്യമാണെന്നതിനാല്‍ പണം മുന്‍കൂറായി നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുന്നതിന് തിന് അവശ്യവസ്തുക്കള്‍ കടം വാങ്ങുകയായിരുന്നു പതിവ്. കൂടുതല്‍ സാധനങ്ങള്‍ വേണമെന്നതിനാല്‍ കടബാധ്യത വര്‍ധിക്കും.
ഇത് കടയുടമകള്‍ക്കും പ്രതിസന്ധിയാണ്. സര്‍ക്കാരില്‍ കൃത്യമായി പണം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇത്തരം പ്രതിസന്ധികളെ സംബന്ധിച്ച് പഠനം നടത്താതെയുള്ള സര്‍ക്കാര്‍ തീരുമാനം അധ്യാപകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും പ്രയാസകരമാണെന്നാണ് ഉയരുന്ന ആക്ഷേപം. വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച മെനു നിലവിലുള്ള സാഹചര്യത്തില്‍ പ്രയാസകരമാണ്. പ്രത്യേകിച്ച് ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ഫണ്ട് തിരെ കുറവാണ്. ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ആവശ്യമായ തുക അനുവദിക്കണം. ഈ തുക മുന്‍കൂട്ടി നല്കുന്ന രീതി സ്വീകരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഭേദപ്പെട്ട രൂപത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് കഴിയുകയുള്ളൂ. മാത്രമല്ല നിലവിലുള്ള അനുപാതത്തില്‍ പാചകക്കാരെ വെച്ച് ഇപ്പോള്‍ പറയുന്ന രീതിയില്‍ ഭക്ഷണം തയ്യാറാക്കി നല്കല് അപ്രായോഗികമാണ്. പാചക തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണം.


