സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രി ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മുകളിലേക്ക് മദ്യപിച്ച് കാറോടിച്ചയാള്‍ അറസ്റ്റില്‍.
സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.
ജൂലൈ 9 ന് പുലര്‍ച്ചെ 1:45 ഓടെയാണ് സംഭവം. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ഉത്സവ് ശേഖര്‍ (40) എന്ന ഡ്രൈവറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഡ്രൈവിങ്ങിനിടെ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
40 വയസ്സുള്ള ലാധി, എട്ട് വയസ്സുള്ള മകള്‍ ബിംല, 45 വയസ്സുള്ള ഭര്‍ത്താവ് സബാമി (ചിര്‍മ്മ എന്ന പേര്), 45 വയസ്സുള്ള രാം ചന്ദര്‍, 35 വയസ്സുള്ള ഭാര്യ നാരായണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാന് സ്വദേശികളാണ്.
പോലീസിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക അന്വേഷണത്തില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന ഇരകളുടെ മേല്‍ വെള്ള ഔഡി കാര്‍ ഇടിച്ചുകയറ്റിയതായും ദ്വാരക സ്വദേശിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.


