തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. റയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാന്‍ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസല്‍ കൊണ്ടുവന്ന ട്രെയ്നിനാണ് തീപിടിത്തമുണ്ടായത്. ഇതില്‍ അഞ്ചു ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഈ റെയില്‍ പാതയില്‍ ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അഗ്നിശ സേന പറഞ്ഞു. മണാലിയില്‍ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.


