സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.
ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ – സ്കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


