ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
അതേസമയം സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലെല്ലാം മാറ്റമില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യും.
സെന്‍സര്‍ ബോര്‍ഡ് രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ മുന്നോട്ടുവെച്ചതെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന് പറഞ്ഞു. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നും ഹാരിസ് ബീരാന് പറഞ്ഞു. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന് പേര് ഉപയോഗിക്കുന്ന 96ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയാകുമെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതായും ഹാരിസ് ബീരാന് വ്യക്തമാക്കി.
പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തി. എന്നാല്‍ പേര് മാറ്റാന്‍ കഴിയില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എന്‍ നഗരേഷും എത്തിയിരുന്നു.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷന് സീനില്‍ പ്രതിഭാഗം അഭിഭാഷകനായ നായകന് ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ മതവിഭാഗത്തില്‍ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകന് ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.


