വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്കാന് തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജിന്റെ മതവിദ്വേഷ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിംകള് വളര്‍ത്തിക്കൊണ്ടുവരുന്നെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും തനിക്ക് പ്രശ്നമില്ലെന്നാണ് എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പി.സി ജോര്‍ജ് പറഞ്ഞത്.
നെഹ്റു മുസല്‍മാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ച് നേരം നമസ്കരിക്കുമായിരുന്ന തുടങ്ങിയ വിചിത്രവാദങ്ങളും ജോര്‍ജ് ഉന്നയിച്ചിരുന്നു.


