യുഎസില്‍ മിനി ട്രക്ക് കാറിലിടിച്ച് ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ 4 പേര് മരിച്ചു. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചൊല്ലേറ്റി, അവരുടെ രണ്ട് മക്കളായ സിദ്ധാര്‍ത്ഥ്, മൃദു ബെജുഗം എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഡാളസിലാണ് അപകടമുണ്ടായത്.
യു.എസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ബന്ധുക്കളെ കാണാന്‍ അറ്റ്ലാന്റയിലേക്ക് കാറില്‍ പോയ കുടുംബം ഡാളസിലേക്ക് മടങ്ങുന്നതിനിടെയാണ് ഗ്രീന്‍ കൗണ്ടിയില്‍വെച്ച് അപകടമുണ്ടായത്.
മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീ പിടിക്കുകയും നാലു പേരും അകത്ത് കുടുങ്ങുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. കാറും പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.


