തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാവിലെ 7.45 ഓടെ കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വെച്ചായിരുന്നു അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
തിരുച്ചെന്തൂര്‍-ചെന്നൈ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന് മറന്ന് പോയതാണ് എന്നായിരുന്നു റെയില്‍വേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് ബസ് ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയില്‍വേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിന്‍ വരുംമുന്പ് ബസ് കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാന്‍ വൈകിയത് ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതിനാലാണെന്ന് റെയില്‍വേ അധികൃതര്‍ വാദിക്കുന്നു.


