കോഴിക്കോട് : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൊല്ലപ്പെട്ട ബിന്ദുവിനെ മന്ത്രിമാർ അവഹേളിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം തകർന്ന് വീണത് ആരോഗ്യ മന്ത്രി ഉരുട്ടിയിട്ടത് കൊണ്ടാണോ എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞത് മരണപ്പെട്ട ബിന്ദുവിനെ പരിഹസിച്ചതിന് തുല്യമാണ്. മകളുടെ ചികിത്സക്ക് വന്ന ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തെ ലാഘവത്തോടെ കാണുന്ന ഇത്തരം ഭരണാധികാരികൾ നാടിന് വെല്ലുവിളിയാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കെട്ടിടം തകർന്നതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രിമാർ രണ്ട് മണിക്കൂറിലധികമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ഈ സമയമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് വേദന സഹിച്ച ബിന്ദുവിനെ ഓർക്കുന്ന ഒരാൾക്കും ഇങ്ങിനെ പ്രതികരിക്കാനാവില്ല.
കെട്ടിടം തകർന്നതിൻ്റെ പേരിൽ മന്ത്രി രാജിവെക്കണം എന്നാരും പറഞ്ഞില്ല. കൂളിമാട് പാലം തകർന്നപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസോ സ്കൂളുകൾ തകർന്നപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ രാജിവെച്ചിട്ടില്ല. എന്നാൽ തൻ്റെ നിരുത്തരവാദപരമായ സമീപനം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെച്ചേ മതിയാകൂ എന്നും ഫിറോസ് വ്യക്തമാക്കി. ഇപ്പോൾ
പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കുമെന്ന് പറയുന്ന ഡി.വൈ.എഫ്.ഐ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമരം നടത്തി തലക്ക് മുറിവേൽപ്പിച്ച പാരമ്പര്യമുള്ളവരാണ്. അതിനാൽ ഭീഷണി കൊണ്ട് പ്രതിപക്ഷ സമരത്തെ ഇല്ലാതാക്കാൻ ആരും കരുതേണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ ഇത് വരെ തയ്യാറായില്ല. ആരോഗ്യ വകുപ്പിൽ വകയിരുത്തുന്ന ഫണ്ടുകൾ പിന്നീട് വെട്ടിക്കുറക്കുന്ന പ്രവണതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫ്ലക്സടിക്കാൻ കോടികളാണ് ചിലവഴിക്കുന്നത്. ഈ പണമുണ്ടായിരുന്നെങ്കിൽ നിരവധി സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ കഴിയുമായിരുന്നെന്നും ഫിറോസ് കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിനെ തകർത്ത മന്ത്രി രാജിവെക്കുന്നത് വരെ തുടരുന്ന സമരങ്ങളുടെ ഭാഗമായി ജൂലൈ 8 ന് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തിൽ മുസ്ലിം യൂത്ത് ലീഗ് സമരാഗ്നി സംഘടിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു.
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്ലോഗർ ജ്യോതി മൽഹോത്ര സർക്കാറിൻ്റെ ടൂറിസം പ്രമോഷന് വേണ്ടി വന്നതിനെ കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറയണം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി സൂപ്പർ മുഖ്യമന്ത്രിയാണെന്നുള്ള ധാരണയിൽ മന്ത്രി വെച്ച് പുലർത്തുന്ന ധിക്കാരം ജനങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ആർക്കും ചുമതല കൊടുക്കാത്തത് സൂപ്പർ മുഖ്യമന്ത്രിയെ മറികടക്കാൻ കഴിയാത്തത് കൊണ്ടാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.


