പാലക്കാട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേസമയം കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം, നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിപ വാര്‍ഡിലേക്കാണ് യുവതിയെ മാറ്റിയത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ ആശുപത്രിയിലെത്തിച്ചത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം ആശുപത്രി മാറ്റിയതാണെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്.
നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.


