തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ അനാസ്ഥയെ തുടർന്നാണ് തലയോലപറമ്പ് സ്വദേശി ബിന്ദു മരിക്കാൻ ഇടയായതെന്നും മന്ത്രിയുടെ വസതിക്ക് മരണത്തിന്റെ ഗന്ധമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മന്ത്രി വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ ജോർജ് ആരോഗ്യ മന്ത്രിയല്ല കൊലയാളി മന്ത്രിയാണെന്നും കേരളത്തിലെ ആരോഗ്യ വകുപ്പ് മോര്‍ച്ചറിയിലാണെന്നും അദ്ദേഹം തുടർന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സാര്‍ത്ഥം എത്തിയ തലയോലപ്പറമ്പിലെ ബിന്ദുവെന്ന സ്ത്രീ കെട്ടിടം തകര്‍ന്ന് വീണ് മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം മന്ത്രിമാരായ വീണാ ജോര്‍ജിനും വി എന്‍ വാസവനുമാണ്. രാവിലെ പത്തര മണിക്കുണ്ടായ അപകടത്തെ തുടര്‍ന്ന് എത്തിയ ഇവര്‍ രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം വൈകിപ്പിച്ചതാണ് ബിന്ദുവിന്റെ മരണത്തിലേക്കെത്തിച്ചത് ഈ മരണത്തിനുത്തരവാദിയായ മന്ത്രിമാരെ കൊലയാളി മന്ത്രിമാരെന്ന് വിളിക്കേണ്ടിവരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍ ദിനം പ്രതി വര്‍ധിച്ച് വരികയാണ്. നായപ്പേടിയില്‍ ഉലയുന്ന പൊതുജനം ചികിത്സക്ക് വേണ്ടി ആശുപത്രിയിലെത്തിയാല്‍ വീണാ ജോര്‍ജിനെയും പേടിക്കേണ്ട സാഹചര്യമാണെന്നും ഫിറോസ് പരിഹസിച്ചു. ആരോഗ്യ മന്ത്രി രാജിവെക്കുന്നത് വരെ മുസ്ലിം യൂത്ത് ലീഗ് തെരുവില്‍ പോരാട്ടം തുടരുമെന്നും ഫിറോസ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ യുവജനരോഷമിരമ്പി. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തെ തുടര്‍ന്ന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥ ഒരു സ്ത്രീ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ കഴിവ്കെട്ട മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. വഴുതക്കാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം മന്ത്രി വസതിക്ക് മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഫാത്തിമ തെഹ് ലിയ പ്രസംഗിച്ചു. ഹാരിസ് കരമന, ഫൈസ് പൂവച്ചല്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, മിസ്ഹബ് കീഴരിയൂര്‍, റിയാസ് നാലകത്ത്, പി.എ മുഹമ്മദ് സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ധീന്‍, അമീന് പിട്ടയില്‍, അമീര്‍ ചേനപ്പാടി, എസ്. മുഹമ്മദ് ഹനീഫ, യൂസുഫ് ള്ളുവാര്, ഇ.എ.എം അമീന്, എ. സദഖത്തുള്ള, എ.ഷിജിത്ഖാന് മാര്‍ച്ചിന് നേതൃത്വം നല്കി.


