ഇറാനില്‍ യു.എസ് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശമുണ്ടായില്ലെന്ന് സമ്മതിച്ച് യു.എസ്. ഇറാന്റെ ആണവ പദ്ധതി ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ വൈകിപ്പിച്ചുവെന്ന് പെന്റഗണ്‍. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തോട് യോജിക്കുന്നതല്ല പെന്റഗണിന്റെ പ്രസ്താവന.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാന്റെ ആണവപദ്ധതി രണ്ട് വര്‍ഷത്തേക്കെങ്കിലും വൈകിപ്പിക്കാന്‍ ആക്രമണം മൂലം കഴിഞ്ഞുവെന്ന് പെന്റഗണ്‍ പറയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
യു.എസ് ബി-2 ബോംബറുകള്‍ ആക്രമിച്ച ഇറാന്റെ ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി തെളിയിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ഇറാനിലെ ആണവനിലയങ്ങളില്‍ ഒരു ഡസനിലധികം ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായി അമേരിക്ക അവകാശപ്പെട്ടിരുന്നത്. നിലയങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാല്‍, കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് നേരത്തെ മുതല്‍ ഇറാന് അവകാശപ്പെട്ടിരുന്നു. ഇറാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായെങ്കിലും സമ്പൂര്‍ണമായ നാശം വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയും പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്.


