കോഴിക്കോട് : ഇടത് സർക്കാരിന്റെ പിടിപ്പ്കേട് കൊണ്ട് ആരോഗ്യ മേഖലയിൽ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ജൂലൈ 3ന് വ്യാഴാഴ്ച) ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് അരയടത്ത് പാലം സരോവരം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൽഘാടനം ചെയ്യും.
സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല താറുമാറായിരിക്കുകയാണ്. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപ്രതികളിൽ ശസ്ത്രക്രിയകൾ ഉൾപ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങൾക്ക് മുമ്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനായാണ് മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസുകളിലേക്ക് മാർച്ച്. മുഴുവൻ പ്രവർത്തകരും കൃത്യ സമയത്ത് തന്നെ അരയടത്ത്പാലത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂറും ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയയും അഭ്യർത്ഥിച്ചു.


