കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തതാണെന്നും ശേഷം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും നൗഷാദ് പറഞ്ഞു. ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും നൗഷാദിന്റെ ഫേസ്ബുക്ക് വീഡിയോ.
കോഴിക്കോട് മായനാട് വാടക വീട്ടില്‍ നിന്നും ഒരു വര്‍ഷം മുമ്പ് ഹേമചന്ദ്രനെ കാണാതാവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തില്‍ അദ്ദേഹത്തെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്. ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ്കുമാര്‍, വെള്ളപ്പന പള്ളുവടി വീട്ടില്‍ ബി.എസ് അജേഷ് എന്നിവര്‍ പൊലീസ് പിടിയിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്തുള്ള മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഹേമചന്ദ്രന് കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയില്‍ വെച്ചെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു കൊലപാതകമെന്നും ഹേമചന്ദ്രനെ രണ്ട് ദിവസം ക്രൂരമായി മര്‍ദിച്ചുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.


