കേരളത്തിലെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പ്രതിപക്ഷം നേരത്തെയും ഉന്നയിച്ചതാണ്. നിയമസഭക്ക് അകത്തും പുറത്തും നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. മെഡിക്കൽ കോളേജുകളിൽ യാതൊരു സൗകര്യവുമില്ല. ശോചനീയമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഒന്നിനും ഫണ്ട് കൊടുക്കാത്തത് തന്നെയാണ് പ്രശ്നം. ഫണ്ട് അനുവദിക്കാത്തത് കൊണ്ട് എല്ലാ മേഖലകളും നിശ്ചലാവസ്ഥിലാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട ഘട്ടങ്ങളിൽ പോലും അത് ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് ഡോ. ഹാരിസ് ഇത് പുറത്ത് പറഞ്ഞത്. സർക്കാറിന്റെ കണ്ണ് തുറപ്പിക്കാനാണ് സഹികെട്ട് അദ്ദേഹം പ്രതികരിച്ചത്. ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാൾ പ്രയാസമാണ്. സിസ്റ്റം മര്യാദക്ക് പ്രവർത്തിക്കുന്നില്ല. ഫയലുകളിൽ ആരും തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


