കേരളത്തിലെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ. ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം വിശദീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച വിവരങ്ങളാണ് ഗുരുതര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയത്. മകന്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തതിന്റെ പേരിൽ മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പിരിച്ചുവിട്ടാലും ഇനി സഹിക്കാനില്ല എന്ന് വ്യക്തമാക്കി അദ്ദേഹം വിവരിച്ചത്. ഉപകരണ ക്ഷാമവും മരുന്ന് ക്ഷാമവും മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചിരിക്കുകയാണ്. നിരവധി തവണയായി ഇങ്ങനെ സംഭവിക്കുന്നത് സഹിക്കാതെയാണ് ഡോക്ടർമാർ തന്നെ സർക്കാറിനെതിരെ രംഗത്ത് വരാനുണ്ടായ കാരണം. ഉപകരണങ്ങൾ ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് ഇതിന് മുമ്പും ഡോക്ടർമാർ പരാതികൾ നൽകിയിരുന്നെങ്കിലും സർക്കാർ കണ്ണടയ്ക്കുകയായിരുന്നു.


