തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണം പ്രതിസന്ധിയിലാണെന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ആരോപണങ്ങള്‍ തള്ളി ആരോഗ്യവകുപ്പ്. 2024ല്‍ യൂറോളജി വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി ഡിഎംഇ
ഡോ. വിശ്വനാഥന് പറഞ്ഞു. കഴിഞ്ഞ ദിവസം നാല് ശസ്ത്രക്രിയകള്‍ നടന്നെന്നും സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം തേടുമെന്നും ഡിഎംഇ പറഞ്ഞു.
ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമാണെന്നും ശസ്ത്രക്രിയ മാറ്റിവെച്ച രോഗിക്ക് മറ്റ് ആരോഗ്യ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടറുടെ നടപടിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎംഇ പറഞ്ഞു.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഇ കൂട്ടിച്ചേര്‍ത്തു.
അതിനിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഡോക്ടര്‍ രംഗത്തെത്തി. തനിക്ക് ചുറ്റും പരിമിതികളാണെന്നും അതിനുള്ളില്‍ നിന്ന് ചികിത്സക്കായി വരുന്നവരെ തനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നല്കാന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


