വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന് വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


