ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസും ഇസ്രാഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
‘ഗാസയില്‍ വലിയ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു, നമുക്ക് വളരെ നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ്, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണെന്ന് തന്നോട് പറഞ്ഞു-‘ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാറിനും ബന്ദി മോചനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ മധ്യസ്ഥര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഹമാസും പ്രതികരിച്ചു. എന്നാല്‍ ഇസ്രഈലുമായി തങ്ങളുടെ ചര്‍ച്ച സ്തംഭനാവസ്ഥയിലാണെന്ന് ഹമാസ് പ്രതിനിധി പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.


