ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന് സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


