ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.


