തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനം പരിശീലന പറക്കലിന് ശേഷം ലാൻഡിങ്ങിന് വേണ്ടി ശ്രമിക്കുമ്പോൾ കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു. മദർഷിപ്പിൽ പലതവണ ലാൻഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ വരികയായിരുന്നു.
ഈ സമയത്ത് വിമാനത്തില്‍ ഇന്ധനവും കുറവായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ അനുമതി ചോദിച്ച് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു എന്നാണ് വിവരം. പ്രതിരോധ വകുപ്പിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാകും യുദ്ധവിമാനം തിരിച്ചുപോകാന്‍ അനുവദിക്കുക.
അതേസമയം വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്നും പൈലറ്റിന് എമിഗ്രേഷൻ ക്ലിയറൻസില്ലാത്തതിനാൽ എയർ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം വീണ്ടും മടങ്ങി പോകും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്ധനം നിറയ്ക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതിനാൽ പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷമായിരിക്കും വിമാനം തിരിച്ച് പറക്കുക.


