ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ഇസ്രാഈല്‍ വിട്ടതായി റിപ്പോര്‍ട്ട്. ഇറാന് ആക്രമണത്തിന് പിന്നാലെ നെതന്യാഹു ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനവും രണ്ട് ഫൈറ്റര്‍ ജെറ്റുകളം പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഇറാന് ഇസ്രാഈലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 70-ല്‍ കുടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രാഈല്‍ പ്രതിരോധമന്ത്രാലയത്തിന് സമീപം ഇറാന് മിസൈല്‍ പതിച്ച് വന്‍ സ്ഫോടനവും കെട്ടിടത്തില്‍ തീപിടിത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന് പിന്മാറി. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള ചര്‍ച്ച അര്‍ഥശൂന്യമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഖി പ്രതികരിച്ചു. യുഎസ് അനുമതിയില്ലാതെ ഇസ്രാഈല്‍ ആക്രമണം നടക്കില്ലെന്നും ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് ഇസ്രാഈലിനെ പിന്തുണയ്ക്കുകയാണെന്നും ബാഖി ആരോപിച്ചു.


