പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച് കേരളാ പൊലീസ്. ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരില്‍ വടപുറത്ത് വെച്ച് ഇരുവരെയും തടഞ്ഞു നിര്‍ത്തി കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നും, എം.പിയേയും എം.എല്‍.എയേയും മനസിലായില്ലെന്നുമാണ് പൊലീസിന്റെ വാദം. കാര്‍ പരിശോധിച്ചതിനു ശേഷം കാറിന്റെ ഡിക്കിയില്‍ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. ഷാഫി പറമ്പില്‍ എം.പി ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പിലുള്ള സീറ്റില്‍ തന്നെ ഉണ്ടായിരുന്നു.
പരിശോധന ഏകപക്ഷീയമാണെന്നും, കേരളാ പൊലീസ് സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യു.ഡി.എഫ് എം.പിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.
പാലക്കാട് പെട്ടി വിവാദത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് നിലമ്പൂരിലും നടന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇത് ബോധ പൂര്‍വമായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.


