തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്.
ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില് നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.


